എ.ആര്.റഹ്മാന്റെ മാന്ത്രികസംഗീതവും വൈരമുത്തുവിന്റെ കാവ്യഭംഗിയും ഹരിഹരന്റെയും കെ.എസ്. ചിത്രയുടെയും ആലാപനമികവും മാത്രമായിരുന്നില്ല ബോംബെ എന്ന തമിഴ്സിനിമയിലെ "ഉയിരേ ഉയിരേ... വന്ത് എന്നോട് കലന്തുവിട്' എന്ന ഗാനത്തെ അനശ്വരമാക്കിയത്.
മഴയില്‍ കുളിച്ച് പച്ചപുതച്ച് നില്ക്കുന്ന ബേക്കല്‍ കോട്ടയുടെ വശ്യസൗന്ദര്യത്തിനും അതില്‍ വലിയ പങ്കുണ്ടായിരുന്നു. അരവിന്ദ് സ്വാമിയുടെ ശേഖറും മനീഷ കൊയ്രാളയുടെ ഷൈലാബാനുവും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ്.
1995ല്‍ പുറത്തിറങ്ങിയ സിനിമയുടെ 30-ാം വാര്‍ഷികാഘോഷവേളയില്‍ ബോംബെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ബേക്കല്‍ കോട്ടയില്‍ എത്തുകയാണ്.
സംവിധായകന് മണിരത്നം, നായിക മനീഷ കൊയ്രാള, കാമറമാന്‍ രാജീവ് മേനോന് എന്നിവര്‍ 20നു വൈകുന്നേരം നാലിന് നടക്കുന്ന ബേക്കല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
പ്രിയദര്‍ശന്റെ ഒരു മുത്തശ്ശിക്കഥ പോലെ ചുരുക്കം ചില സിനിമകള്‍ ബേക്കല്‍ കോട്ടയില്‍ ചിത്രീകരിച്ചിരുന്നെങ്കിലും അവയൊക്കെ വലിയ സാമ്പത്തികപരാജയം നേരിട്ടതോടെ രാശിയില്ലാത്ത ലൊക്കേഷന്‍ ആയാണ് ഇതു കണക്കാക്കപ്പെട്ടിരുന്നത്.
എന്നാല്‍ ബോംബെയില്‍ അതുവരെ ആരും ചിത്രീകരിച്ചിട്ടില്ലാത്ത രീതിയില്‍ അത്രയും മനോഹരമായാണ് മണിരത്നവും കാമറമാന്‍ രാജീവ് മേനോനും ആ ഗാനരംഗം ചിത്രീകരിച്ചത്.
സിനിമ പാന്‍ ഇന്ത്യന്‍ ലെവലില്‍ വന്‍വിജയം നേടിയതോടെ നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിക്കുകയും ടൂറിസം രംഗത്തെ ബേക്കലിന്റെ വളര്‍ച്ചയ്ക്കു വലിയ പങ്ക് വഹിക്കുകയും ചെയ്തു.